Monday, March 28, 2011

കോട്ടക്കല്‍ പൂരം-ഓര്‍മകളെ വിളിക്കുന്നു


ഒരുപാടു ഓര്‍മകളുടെ വിളനിലമാണ് കോട്ടക്കല്‍ പൂരം. കോട്ടക്കല്‍ നഗരം ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന ഉത്സവം-അതാണ് കോട്ടക്കല്‍ പൂരം. കോട്ടക്കല്‍ ആര്യവൈദ്യശാലയാണ് പൂരം സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്നതാണ് ആഘോഷപരിപാടികള്‍.

തായമ്പകയും എഴുന്നെള്ളത്തും ഓട്ടന്‍തുള്ളലും ചാക്യാര്‍കൂത്തും കഥകളിയും എല്ലാം നിറഞ്ഞ വര്‍ണ്ണ മനോഹരമായ ദിനങ്ങള്‍. പ്രതിഭകളുടെ സംഗമവേദി കൂടിയാണ് കോട്ടക്കല്‍ പൂരം. ആലിപറമ്പില്‍ ശിവരാമ പൊതുവാളും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും കലാമണ്ഡലം ഗോപിയും കോട്ടക്കല്‍ ശിവരാമനും ഉള്‍പെടുന്ന അസാമാന്യ പ്രതിഭകള്‍ പൂര നാളുകളെ ധന്യമാക്കിയിരുന്നു. നാളെ തുടങ്ങുന്ന പൂരത്തിലും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ തായമ്പക ഉണ്ട്. എല്ലാ പൂരത്തിനും ഞാന്‍ നഷ്ടപെടുത്താത്തതും അദ്ദേഹത്തിന്റെ തായമ്പക തന്നെയാണ്. മക്കളുമൊന്നിച്ചുള്ള ട്രിപ്പിള്‍ തായമ്പക ഇക്കൊല്ലം ഇല്ല എന്നത് സങ്കടകരം തന്നെ.


പൂരത്തെ കുറിച്ച് പറയുമ്പോള്‍ പൂരപറമ്പിനെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. മരണകിണറും സര്‍ക്കസും മാജിക്കും മൃഗശാലയും യന്ത്ര ഊഞ്ഞാലും (GIANT WHEEL) നിറഞ്ഞ പൂരപറമ്പ് മറക്കാന്‍ കഴിയാത്തതാണ്. ഉത്സവം കൊഴുപ്പിക്കാന്‍ പൂരപറമ്പ് ദിവസങ്ങള്‍ക്കു മുന്‍പേ തയ്യാറെടുത്തു കഴിഞ്ഞു. പൊരിയും തേന്‍കുഴലും വളകളും മാലകളുമായി കച്ചവടക്കാരും തയ്യാറായി. ഇനി ഉത്സവമാണ് കോട്ടക്കല്‍ നിവാസികള്‍ക്ക്, ആഘോഷമാണ് കുട്ടിത്തം വിട്ടു മാറാത്ത കുട്ടികള്‍ക്ക്...

ഇളകുന്ന പലകക്കു മുകളില്‍ നിന്ന് വിറയാര്‍ന്ന കൈകളാല്‍ അച്ചച്ഛന്റെ കൈ പിടിച്ച് മരണകിണര്‍ കണ്ടതും, വെടികെട്ടു കേള്‍ക്കാതിരിക്കാന്‍ കാതടച്ചു നിന്നതും, ലെന്‍സുകള്‍ക്കുള്ളിലൂടെ പെരുമണ്‍ ദുരന്തത്തിന്റെയും മറ്റും ചിത്രങ്ങള്‍ വലുതായി കണ്ടു അത്ഭുതപെട്ടതും ഓര്‍മ്മകള്‍ മരിക്കും വരെ മറക്കില്ല. ഓര്‍മകളിലെ മിഴിവാര്‍ന്ന പൂരം ചെറുതായെങ്കിലും നക്ഷ്ടപ്പെട്ടെങ്കിലും ഇപ്പോഴത്തെ പൂരം മിഴിവാര്‍ന്ന പൂരത്തെ ഓര്‍മകളിലെങ്കിലും
തിരിച്ചു തരുമെന്ന് വിശ്വസിക്കുന്നു.

No comments:

Post a Comment