Monday, April 25, 2011

കത്തിവേഷങ്ങളേ കണ്‍തുറക്കൂ...


ഒരു ജനതയുടെ പരാജയം...പാവം ജനങ്ങളുടെ മേല്‍ ഒരു കൂട്ടം കാപാലികരുടെ വിജയം...അതൊഴിവാക്കാന്‍ നേര്‍ത്ത ഒരു പ്രതീക്ഷയുടെ കണികയുമായിട്ടാണ്‌ മനസാക്ഷി വറ്റാത്ത ഒരു കൂട്ടം ജനങ്ങളുടെ കൂടെ ഞാനും ഈ ഉപവാസത്തില്‍ പങ്കാളിയായത്.. 

കുഞ്ഞുങ്ങള്‍ അറിയുന്നില്ല,മനുഷ്യര്‍ കത്തി വേഷം ആടി തീര്‍ത്ത്‌ മലീമസമാക്കിയ കളിയരങ്ങിലേക്കാണ്‌ തങ്ങള്‍ പിറന്ന്‌ വീഴുന്നതെന്ന്‌...ജന്‍മങ്ങള്‍ പലതു കഴിഞ്ഞാലും മായ്ക്കാന്‍ കഴിയാത്ത വിഷബീജവും നെഞ്ചോടടക്കിയാണ്‌ അവര്‍ ഭൂമിയിലേക്കു മിഴി തുറക്കുന്നത്‌.കൂട്ടുകാരുമൊത്ത്‌ കളിച്ചു നടക്കേണ്ട ഇളം പ്രായത്തില്‍ അവരുടെ ചിരികള്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കപെടുന്നു. 

തലമുറകള്‍ക്കപ്പുറം എന്നോ പെയ്ത വിഷമഴയുടെ കണങ്ങള്‍ ഇന്നും വറ്റാതെ നിലനില്‍ക്കുന്നു.ഇത്രയും ഭീകരമായ അവസ്ഥ കണ്ടില്ലെന്ന്‌ നടിക്കുന്ന കേന്ദ്ര ഗവണ്‍മെണ്റ്റ്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌ ചെയ്യുന്നത്‌.ഈയൊരു വസ്തുത കേട്ടിട്ടു പോലുമില്ലെന്ന്‌ പറഞ്ഞ പ്രധാനമന്ത്രി മറുപടി പോലും അര്‍ഹിക്കുന്നില്ല.പറ്റിയാല്‍ ഒന്നു കേരളത്തിലേക്ക്‌ വരണം,അങ്ങയെ കണ്ണുമടച്ച്‌ ആരാധിക്കുന്ന അണികളുടെ ഹാരങ്ങള്‍ ഏറ്റുവാങ്ങാനല്ല,വേദനയില്‍ പിടയുന്ന കുരുന്നുകളുടെ സങ്കടം കേള്‍ക്കാന്‍.എന്നിട്ടും അങ്ങയുടെ കാഴ്ച്ചക്കു മങ്ങലാണെങ്കില്‍ അങ്ങും ഒരു ജനതക്ക്‌ വെറുക്കപ്പെട്ടവനാകും. 

ഒരു കൂട്ടം തിമിരം ബാധിച്ചവര്‍ ഭരിച്ചു 'നന്നാക്കുന്ന' നമ്മുടെ ഭാരതത്തിണ്റ്റെ ആയുസ്സ്‌ എണ്ണപെടാതിരിക്കാനുള്ള ഒരു കൂട്ടം ജനതയുടെ പ്രധിഷേധം ആണ്‌ ഈ ഉപവാസം.ഇതിലൂടെ സുന്ദര ഭാരതമൊന്നും ഞങ്ങള്‍ സ്വപ്നം കാണുന്നില്ല,പകരം ഇനിയൊരു ജീവിതം പോലും ഈ വിഷമഴയില്‍ അലിയരുത്‌, ഇനിയൊരു കുഞ്ഞു പുഞ്ചിരി പോലും ഇതില്‍ മാഞ്ഞു പോകരുത്‌-അത്‌ മാത്രമാണ്‌ ഒരേയൊരു പ്രാര്‍ഥന...

Wednesday, April 20, 2011

China Town Review


സിനിമയ്ക്കു പോകുമ്പോള്‍ യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. മാസങ്ങള്‍ക്ക് മുന്‍പേ ഇറങ്ങിയ ROUGH TRAILER ഉം Rough Edited Song ഉം കണ്ടാണ്‌ പടത്തിനു പോയത്.

പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് പടം തുടങ്ങി. മികച്ച എഡിറ്റിംഗ് കൊണ്ട് മറ്റൊരു 'Chotta Mumbai' പോലെ തുടക്കം.പിന്നീടു ചിരിയുടെ മാലപ്പടക്കം. ലാലേട്ടനും ദിലീപും ജയറാമും സുരാജും കോമഡി രംഗങ്ങള്‍ കൈയടക്കി. ജയിലിലെ കോമഡി രംഗങ്ങള്‍ ചിരിയുടെ വെടിക്കെട്ട്‌ തന്നെയാണ് തീര്‍ത്തത്. അങ്ങനെ പക്കാ ENTERTAINER ആയ ഒന്നാം ഭാഗം കഴിഞ്ഞു.

 പക്ഷെ Interval നു ശേഷം സിനിമയുടെ രസച്ചരട് പൊട്ടിപോയി. THE HANGOVER എന്ന സിനിമയുടെ വികലമായ അനുകരണമാണ് പിന്നീട്. തമാശകള്‍ രണ്ടാം പകുതിയിലും ഉണ്ടെങ്കിലും അധികം ഏശുന്നില്ല. 
അങ്ങനെ സാധാരണമായൊരു Climax ലുടെ സിനിമ അവസാനിക്കുന്നു.
 
ഇതൊക്കെ ആണെങ്കിലും കാണാന്‍ തരക്കേടില്ലാത്ത പടമാണ് ചൈന ടൌണ്‍. ഓരോ ഡയലോഗിനും മറു ഡയലോഗ് കൊണ്ട് ആഞ്ഞടിക്കുന്ന Multi star ചിത്രമല്ല ഇത്. ആലോചനകളും ചിന്തകളും ഇല്ലാതെ ചുമ്മാ ചിരിക്കാന്‍ ഉള്ള ഒരു സിനിമ. തൊട്ടു മുന്‍പിറങ്ങിയ Christian Brothers നേക്കാളും മികച്ചതാണ് ഈ സിനിമ. കാര്യസ്ഥനും Make Up Man ഉം പോക്കിരിരാജയും Christian Brothers ഉം മെഗാ ഹിറ്റുകളായെങ്കില്‍ ഇതും മെഗാ ഹിറ്റാകും. ഇവയേക്കാളൊക്കെ ഒരു പടി മുകളില്‍ തന്നെയാണ് ഈ ചിത്രം. ജനങ്ങള്‍ വീണ്ടും തീയെറ്റെറിലേക്ക് എത്തി കൊണ്ടിരിക്കുമ്പോള്‍ വിമര്‍ശക പേന തുമ്പിലൂടെയുള്ള തരം താഴ്ത്തല്‍ ഈ പടത്തിനു ആവശ്യമില്ല എന്നതാണ് എന്‍റെ അഭിപ്രായം. 

പക്ഷെ ഇതിനൊക്കെ പുറമേ ഉയരുന്നൊരു ചോദ്യമുണ്ട്. മഹാ നടനായ ലാലേട്ടന്‍ ഇത്തരത്തിലുള്ള SHOW CASE വേഷങ്ങള്‍ എന്തിനു ചെയ്യുന്നു എന്നത് പ്രസക്തിയുള്ള ചോദ്യമാണ്. ഇത്തരം ചിത്രങ്ങളിലെ ലാലേട്ടനെ ആരും ഓര്‍ക്കില്ല. ബ്ലെസ്സിയുടെ പ്രണയവും സത്യന്‍ അന്തിക്കാടിന്‍റെ ചിത്രവും ഇറങ്ങുന്നുണ്ട് എന്നതാണ് ഇനിയുള്ള നല്ല പ്രതീക്ഷകള്‍...          




Saturday, April 16, 2011

കണ്ണാ , ഇത് വേണമായിരുന്നോ...?


ഐശ്വര്യത്തിന്‍റെ പുതു വര്‍ഷാരംഭത്തിനു തുടക്കം കുറിച്ചു കൊണ്ട്‌ വീണ്ടുമൊരു വിഷു കൂടി... 

കണി വെള്ളരിയും കണിക്കൊന്നയും കൈനീട്ടവുമായുള്ള ഒരു മനോഹര വിഷുവായിരുന്നു ഇന്നലെ വരെ മനസ്സില്‍. ഈ പറഞ്ഞ സകല വസ്തുക്കളും ഞാന്‍ കണിയില്‍ കണ്ടു. പക്ഷെ ഈ വിഷു മനോഹരമായിരുന്നില്ല. മനസ്സില്‍ ഇരുട്ട്‌ മാത്രം നിറഞ്ഞ ഒരു അമ്മയുടെ മുഖം എന്‍റെ മനസ്സില്‍ തെളിയുമ്പോള്‍  ആഘോഷങ്ങള്‍ എന്‍റെ മനസ്സില്‍ എത്തില്ല. ആ അമ്മയേയും കുടുംബത്തേയും നിങ്ങളറിയും. ആറ്റുനോറ്റു അവസാനം ജനിച്ച നന്ദന മോളെ നക്ഷ്ട്ടപ്പെട്ട മലയാള വാനംമ്പാടി കെ.എസ്‌.ചിത്ര... 

ഈ ലോകത്ത്‌ കളിച്ചു മതിയായിട്ടില്ല ആ കുഞ്ഞിന്. അവളെ കൊന്ജിച്ചു  മതിയായിട്ടില്ല ആ അച്ഛനും അമ്മക്കും. അവരുടെ പിന്‍വിളികള്‍ക്കു കാത്തു നില്‍ക്കാതെ അവള്‍ യാത്രയായി. കൃഷ്ണനെ മനസ്സറിഞ്ഞു പ്രാര്‍ഥിച്ചു കിട്ടിയ സമ്മാനം, കണ്ണന് കണി വെക്കുന്ന വിഷു തലേന്നു തന്നെ തിരിച്ചെടുത്തു. ഒരു നന്ദനയില്‍ ഒതുങ്ങേണ്ടതല്ല ഈ ലേഖനം. നമ്മുടെ അശ്രദ്ധ മൂലം ജീവിതം നക്ഷ്ട്ടപെടുന്ന ഒരുപാടു കുഞ്ഞുങ്ങളുടെ വേദനയും ഇതില്‍ നാം കാണണം...റോഡരികുകളില്‍ കാണുന്ന ഒരു വാക്യം ഇപ്പോള്‍ എന്‍റെ മനസ്സില്‍ വരുന്നു...

"ഒരു നിമിഷത്തെ അശ്രദ്ധ , ഒരായുസ്സിന്‍റെ കണ്ണീര്‍... "

ആ കുഞ്ഞു മനസ്സിന്‍റെ ആത്മശാന്തിക്ക് വേണ്ടിയൊരു പ്രാര്‍ത്ഥനയാണ് ഇന്ന് വേണ്ടത്...അല്ലാതെ സന്തോഷം നിറഞ്ഞ ഒരാശംസയല്ല  ...


Wednesday, April 13, 2011

എന്‍റെ പത്തു LDF ജല്‍പ്പനങ്ങള്‍...



ഇത് ഇടതുപക്ഷ രാഷ്ട്രീയത്തെ കണ്ണടച്ചു വിശ്വസിക്കുന്ന ഒരു അനുഭാവിയുടെ ജല്‍പ്പനങ്ങള്‍...കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തെ കണ്ണടച്ച് വിശ്വസിക്കുന്നവര്‍ ഇത് വായിക്കരുത്...


1. പരാജയ ഭീതി മൂലം ഇടതു പക്ഷം കേരളത്തില്‍ ആക്രമണം അഴിച്ചു വിടുന്നു- വാര്‍ത്ത‍...

ജല്‍പ്പനം: പരാജയ ഭീതി ഉണ്ടായിരുന്നെങ്കില്‍ സിന്ധു ജോയിയേയും മറ്റും ആക്രമിക്കുകയായിരുന്നില്ല ഇടതു പക്ഷം ചെയ്യുക, പകരം സ്ക്രീനിന്‍റെ പകുതിയോളം മുട്ടയെറിന്‍റെയും മറ്റും വാര്‍ത്തകള്‍ Breaking News ആയി കൊടുക്കുന്ന കോണ്‍ഗ്രസ്‌ ചാനല്‍ തകര്‍ക്കുകയായിരുന്നു...

2. LDF ജയിച്ചാല്‍ വയസ്സനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുക-രാഹുല്‍ ഗാന്ധി...

ജല്‍പ്പനം: അപ്പോള്‍ രാഹുല്‍ജി, കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത കരുണാനിധിയെ തമിഴ്നാട്ടില്‍ നിങ്ങള്‍ പിന്തുണക്കുന്നതോ...ഇന്നും VS ശബരിമല നടന്നു കയറും...

3. അഴിമതിയെ കുറിച്ചല്ലാതെ വികസനത്തെ കുറിച്ച് VS പറയുന്നില്ല-ആന്ടണി...

ജല്‍പ്പനം: VS നെ കുറിച്ചല്ലാതെ ആന്റണിയും ഒന്നും പറയുന്നില്ലല്ലോ...! 2G,ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം,S BAND spectrum,കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം എന്നിങ്ങനെ ഈ ബ്ലോഗില്‍ എഴുതിയാല്‍ കൊള്ളാതത്ത്ര അഴിമതി ചെയ്താല്‍ ഒരു പൌരന്‍ ഇത്രയെങ്കിലും പറയേണ്ടേ...

4. VS ഉം പിണറായിയും രണ്ടു തട്ടില്‍-വാര്‍ത്ത...

ജല്‍പ്പനം: സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ഓരോരുത്തരും ഓരോരോ തട്ടില്‍ ആയിരുന്നു...അതിലും ഭേദമല്ലേ ഈ രണ്ടു തട്ട്...

5. സ്ത്രീകളെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ല-ചെന്നിത്തല

ജല്‍പ്പനം: സീറ്റ്‌ കൊടുക്കാതെയും പുതിയ ഭര്‍ത്താക്കന്‍മാരെ കൊടുത്തും (ഐസ് ക്രീം നായിക) നിങ്ങള്‍ സംരക്ഷിക്കുന്നുണ്ടല്ലോ...സന്തോഷം...

6. VS ന്‍റെ മകന്‍ സുഗവാസത്തിനു വിദേശത്ത് പോയി-ഉമ്മന്‍ ചാണ്ടി...

ജല്‍പ്പനം: UDF ലെ പലരും നാട്ടില്‍ തന്നെ സുഗവാസത്തിനു പോയത് പാവം കോണ്‍ഗ്രസുകാര്‍ കണ്ടില്ല...

7. ജമാ അത്‌ ഇസ്ലാമിയുമായി പിണറായി ചര്‍ച്ച നടത്തി-ഹസ്സന്‍...

ജല്‍പ്പനം: ലോകസഭ ഇലക്ഷനില്‍ ചെന്നിത്തല ജമാ അത്‌ ഇസ്ലാമിയുമായി ചര്‍ച്ച നടത്താന്‍ പോയത് TV യില്‍ ഞാന്‍ കണ്ടു,അദ്ദേഹം കണ്ടില്ല...

8. VS ലതിക സുഭാഷിനെ അപമാനിച്ചു-സോണിയ ഗാന്ധി

ജല്‍പ്പനം: ലാവ്‌ലിന്‍ അഴിമതിയൊക്കെ വിട്ടു അല്ലെ...നായകനെ വീഴ്ത്തിയാല്‍ പിന്നെല്ലാം എളുപ്പമാണല്ലോ...?LDF ന് വോട്ട് ചെയ്യാന്‍ മാഡവും പറഞ്ഞില്ലേ,വേദിയിലെ ആരും തിരുത്തിയില്ലല്ലോ ...നാക്കായാല്‍ പിഴക്കും എന്ന് മനസ്സിലായില്ലേ...

9.ചെങ്ങറ സമരം ഇടതുപക്ഷം കണ്ടില്ല-ളാഹ ഗോപാലന്‍...

ജല്‍പ്പനം: മുത്തങ്ങ സമരം കോണ്‍ഗ്രസ്‌ കണ്ടല്ലോ...അത്‌ കൊണ്ടാണല്ലോ കുറെ പേര്‍ അവിടെ വെടിയേറ്റ്‌ വീണത്‌.ഇതിലും ഭേദം കാണാതിരിക്കുന്നതാണ്...

10.കൂടെയുള്ള കക്ഷികളെ LDF സംരക്ഷിക്കുന്നില്ല -മാണി...

ജല്‍പ്പനം: താങ്കളുടെ പാര്‍ടിയെയും മറ്റു കക്ഷികളെയും UDF സംരക്ഷിക്കുന്ന പോലെ LDF തങ്ങളുടെ കക്ഷികളെ സംരഷിക്കുന്നില്ല എന്ന കാര്യം നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ...

ഈ ജല്‍പ്പനങ്ങള്‍ എന്‍റെ മനസ്സില്‍ ഉള്ളതിനാല്‍ ഞാന്‍ പിന്തുണക്കുന്നത് LDF നെയാണ്...നിങ്ങളോ...?

Saturday, April 9, 2011

മെഴുകിതിരി വെട്ടവുമായി...



ലോകത്ത് തിന്‍മകള്‍ പിറവിയെടുക്കുമ്പോള്‍ ഞാന്‍ അവതരിക്കും...മഹാവിഷ്ണുവിന്‍റെ ഉറപ്പ്‌...

അന്നാ ഹസാരെ ഒരു അവതാരമൊന്നും അല്ല. പ്രതികരണ ശേഷി നക്ഷ്ടപെട്ട ഞാനടക്കമുള്ള ഒരു ജനതക്ക് മുന്‍പില്‍ അദ്ദേഹം വ്യത്യസ്തനാവുകയാണ്. പ്രായത്തിലും തളരാത്ത അദ്ദേഹത്തിന്‍റെ സമരവേശമാണ് മെഴുകുതിരി വെട്ടവുമായി ഈ സമരത്തില്‍ പങ്കാളികളാവാന്‍ അനേക ലക്ഷങ്ങളെ ഉത്തേജിപ്പിക്കുന്നത്.

സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട വലിയ സമരങ്ങളിലൊന്ന്. എന്നിട്ടും ഇത് കണ്ടില്ലെന്നു നടിക്കുന്ന UPA സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത തെറ്റ് ആണ് ചെയ്യുന്നത്.അഴിമതിയില്‍ വിരാജിച്ച്‌ കഴിയുന്ന ഈ സര്‍ക്കാര്‍ അവരുടെ മുന്‍ഗാമിയായ ഗാന്ധിയെ പോലും നിന്ദിക്കുന്നു. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടി ആവശ്യമില്ല, ഈ പാര്‍ട്ടി പിരിച്ചു വിടുക എന്ന ഗാന്ധിയുടെ വാക്കുകള്‍ ഇപ്പോള്‍ അര്‍ത്ഥവത്താകുന്നു.

അന്നാ ഹസാരയുടെ ഈ പ്രതിഷേധ സമരം ഒരു തുടക്കമാണ്‌.ഒരു അന്നാ ഹസാര പോര, ഒരായിരം അന്നാ ഹസാരെമാര്‍ ഇവിടെ പിറവിയെടുക്കണം. എങ്കിലേ ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ വിജയം സംഭവിക്കൂ...

Tuesday, April 5, 2011

പുത്തന്‍ ദിവസം , പുത്തന്‍ ആവേശം...

ക്രിക്കറ്റിന്‍റെ ആരവങ്ങള്‍ മാധ്യമങ്ങളില്‍ കെട്ടടങ്ങിയിട്ടില്ല. ചാനലുകളും പത്രങ്ങളും ഇന്ത്യയുടെ വിജയ നിമിഷങ്ങളെ ആഘോഷിച്ച്‌ കൊണ്ടേയിരിക്കുന്നു. അവര്‍ ആഘോഷിക്കട്ടെ...ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഉള്ളതല്ലെ...?എല്ലാം മറന്ന്‌ നമുക്കും അതില്‍ പങ്കുചേരാം.

ലോകകപ്പിന്‍റെ അനര്‍ഘ നിമിഷങ്ങളെ മനസ്സിലിട്ട്‌ ഉറങ്ങി പിറ്റേ ദിവസം ഉണര്‍ന്നപ്പോള്‍ കണ്ടത്‌,ബാറ്റും ബോളുമായി പാടത്തിലേക്കു പോകുന്ന കുട്ടികളെയാണ്‌. അന്നത്തെ യാത്രയില്‍ പോകുന്ന വഴിയിലും പൊടി മണ്ണിനോട്‌ മല്ലിട്ട്‌ ക്രിക്കറ്റില്‍ മാത്രം ലയിച്ചിരിക്കുന്ന കുട്ടി ക്രിക്കറ്റ്‌ താരങ്ങളേയും കണ്ടു. ഒരു ലോകകപ്പ്‌ വിജയം ഒരു ജനതയെ ഒന്നടങ്കം ഉത്തേജിപ്പിച്ചിരിക്കുന്നു

മടലു കൊണ്ടുണ്ടാക്കിയ ബാറ്റുമായി കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്കു പകരം ചോദിക്കാനായി വാശിയോടെ പാടത്തേക്ക്‌ പോയ ഒരു കുട്ടിക്കാലം നമുക്കുമുണ്ട്‌. വിയര്‍ത്തു കുളിച്ചാലും കളി നിര്‍ത്തില്ല. ടെസ്റ്റും ഏകദിനവും എല്ലാം അവിടെ നടന്നിരുന്നു. പുതിയ റെക്കോര്‍ഡുകള്‍ അവിടെ പിറവിയെടുത്തു. പക്ഷെ , പിന്നീടെപ്പോഴോ ആ കളിക്കളങ്ങള്‍ ചെറുതായി മാഞ്ഞു തുടങ്ങി. സെവന്‍സ് ഫുട്ബോള്‍ ക്രിക്കറ്റ്‌ സ്ഥലം കൈയേറി. കാലങ്ങള്‍ ഏറെയായി എന്‍റെ കൈകള്‍
ബാറ്റിനെ സ്പര്‍ശിച്ചിട്ട്... അതിനാല്‍ ഈ ഉണര്‍വ് പുതിയ ചരിത്രത്തിന്‍റെ തുടക്കമാവും.

പുതിയ തലമുറ ബാറ്റും ബോളുമായി നടന്നു നീങ്ങുന്നത്‌ ഇന്ത്യ എന്ന ആവേശത്തിലേക്കാകട്ടെ...അല്ലാതെ ഒരു കോടിയുടെ സമ്മാനത്തുകയുടെ മഞ്ഞള്ളിപ്പിലേക്ക് ആകാതിരികട്ടെ...

Sunday, April 3, 2011

നന്ദി...നന്ദി...ഒരായിരം നന്ദി...





ഈ നിമിഷം അതുല്യം,അനുപമം...ഏതു വാക്കുകള്‍ ഉപയോഗിച്ചാലും ആ നിമിഷത്തെ വര്‍ണ്ണിക്കാന്‍ ആവില്ല. അതിലും എത്രയോ മനോഹരമായിരുന്നു ആ നിമിഷം.ഇന്ത്യ ലോകത്തിന്‍റെ നെറുകയില്‍ എത്തിയിരിക്കുന്നു. കോടിക്കണക്കിന് ജനങ്ങളുടെ മറക്കാനാവാത്ത നിമിഷങ്ങള്‍. കണ്ണിന്‍റെ ഒരു കോണിലെങ്കിലും കണ്ണുനീര്‍ പൊടിയാത്തവര്‍ വിരളം. ചുണ്ടുകളില്‍ വന്ദേമാതരം മുളാത്തവര്‍ ഉണ്ടാകില്ല.

ക്രിക്കറ്റിലെ ഇതിഹാസത്തിനുള്ള സമ്മാനം. ദൈവ പുത്രനു ദൈവം നല്‍കിയ സമ്മാനം. ഇതിലും മനോഹരമായ സമ്മാനം സച്ചിനു കൊടുക്കാന്‍ കഴിയില്ല. സ്വന്തം രാജ്യത്ത്‌,തന്‍റെ സ്വന്തം നാട്ടില്‍ വെച്ച്‌ തന്നെ ലോകത്തിന്‍റെ നെറുകയില്‍ സച്ചിനും കൂട്ടരും എത്തിയിരിക്കുന്നു. പച്ചപ്പാര്‍ന്ന പിച്ചിലെ പന്തിലേക്ക്‌ ലോകം ചുരുങ്ങി പോയ നിമിഷം. സ്തുതി പാടാന്‍ വരികള്‍ക്ക്‌ ക്ഷാമം വരുന്നു.

തന്‍റെ മനോഹരമായ ഇന്നിംഗ്സ്‌ ഫൈനലിലേക്ക്‌ കരുതി വെച്ച ധോണി, ക്യാപ്റ്റനു കൂട്ടായി പതറാതെ നിന്ന ഗംഭീര്‍, എല്ലാത്തിനും പുറമേ സച്ചിന്‍റെ സാന്നിധ്യവും...അതെല്ലാമായിരുന്നു വിജയത്തിന്‍റെ പടികള്‍ കയറാന്‍ ഇന്ത്യയെ സഹായിച്ചത്‌. പ്രകടനം മോശമായെങ്കിലും ടീമിന്‌ ശ്രീയായി ശ്രീശാന്തും ഉണ്ടായിരുന്നു.

ഒരുപാടു കാലം കണ്ണില്‍ നിന്നു മായാത്ത കാഴ്‌ച്ചകള്‍ സമ്മാനിച്ചതിന് ക്രിക്കറ്റിനോടു നന്ദി പറയുകയാണ്‌ ഞാനും കോടാനുകോടി ജനങ്ങളും, നനഞ്ഞ മിഴിയോടേയും നിറഞ്ഞ മനസ്സോടേയും....

നന്ദി...നന്ദി...ഒരായിരം നന്ദി...

Saturday, April 2, 2011

പ്രാര്‍ഥനയുടെ അറ്റം



ഇന്നറിയാം,ലോകത്തിന്‍റെ രാജാക്കന്‍മാര്‍ ആരാണെന്ന്‌.നാലു കൊല്ലക്കാലം കണ്ണില്‍ പ്രതീക്ഷയുമായി കാത്തിരുന്നത്‌ ഈ ദിവസത്തിനാണ്.വിധി എന്തായാലും കപ്പ്‌ ഏഷ്യകാര്‍ക്കു തന്നെ,അതില്‍ നമുക്ക്‌ സന്തോഷിക്കാം.വിക്കറ്റ്‌ കീപ്പര്‍മാര്‍ ക്യാപ്റ്റന്‍മാരായി കപ്പിനായി മത്സരിക്കുമ്പോള്‍ മറ്റൊരു ചരിത്രം കൂടി പിറവിയെടുക്കും.ലോകകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായി വിക്കറ്റ്‌ കീപ്പര്‍ ക്യാപ്റ്റന്‍ കപ്പുയര്‍ത്തും.

ക്രിക്കറ്റിലെ രണ്ടു തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ പ്രവചനം അസാധ്യം.എതിര്‍ ടീമുകള്‍ക്ക്‌ അനുസരിച്ച്‌ കളിയുടെ രീതി മാറ്റുന്ന ടീമാണ് ശ്രീലങ്ക.ടീം മെമ്പര്‍മാര്‍ക്കിടയില്‍ ഇത്രയധികം ഐക്യമുള്ള ടീം വേറെ ഇല്ല എന്നു തന്നെ പറയാം.ദില്‍ഷനും സംഗക്കാരയും ജയവര്‍ധനയും മല്ലിംഗ്ഗയും മുരളിയും ഉള്ള ശ്രീലങ്ക നാം കരുതുന്നതിനേക്കാള്‍ കരുത്തരാണ്.

അടിവച്ചടിവച്ചു കയറിവന്നവരാണു ഇന്ത്യ.ബംഗ്ലാദേശിനോട് വരെ വിറച്ചു ജയിച്ചവര്‍.കളി മറന്ന്‌ സൌത്ത്‌ ആഫ്രിക്കയൊടു തോറ്റവര്‍.പക്ഷേ,ആ ഇന്ത്യ ഏറെ മാറിയിരിക്കുന്നു.ആസ്ത്രേലിയയേയും പാക്കിസ്ഥാനേയും മലര്‍ത്തിയടിച്ച്‌ പുതിയ പാത വെട്ടി തെളിക്കുകയാണ് ഇന്ത്യ.സച്ചിനും സെവാഗും യുവരാജും കോഹ്ളിയും അടങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ്‌ നിര എതിര്‍ ടീമിനെ ഭസ്മമാക്കാന്‍ പൊന്നവരാണ്.ക്യാപ്റ്റന്‍ ധോണി മാത്രമാണ് ഫോം കണ്ടെത്താനാവാത്ത ബാറ്റ്സ്മാന്‍.സഹീറും ഹര്‍ഭജനും നയിക്കുന്ന ബൌളിംഗ്‌ നിരയും ശക്തരായിരിക്കുന്നു.

എല്ലാ റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ഇനി നേടാന്‍ ബാക്കിയുള്ളത്‌ ലോകകപ്പ്‌ മാത്രം.ദൈവത്തിന്‍റെ സ്വന്തം പുത്രന് ദൈവം അതും നല്‍കും എന്ന്‌ തന്നെയാണ് എല്ലാ ഭാരതീയന്‍റെയും പോലെ എന്‍റെയും വിശ്വാസം.ആ ഒരു ലകഷ്യമാണ് കോടികണക്കിന് ജനങ്ങളുടെ പ്രാര്‍ഥനയുടെ അറ്റം...

Friday, April 1, 2011

Urumi Reveiw



ഇതൊരു ദൃശ്യ വിസ്മയമാണ്.ദൃശ്യ വിസ്മയം മാത്രമാണ്.സന്തോഷ്‌ ശിവന്‍റെ ഏറ്റവും മികച്ച Creation ആണിത്.അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സിനിമ അല്ല.ഒരു ചരിത്ര സിനിമ എടുക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചത്‌,അതില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്.പക്ഷെ ആത്മാവില്ലാത്ത ഒരു ചലച്ചിത്ര കാവ്യമായി അത് മാറി.

യാദൃചികമായിട്ടാണ് സന്തോഷ്‌ ശിവന്‍റെ Tahaan എന്ന സിനിമ ബുധനാഴ്ച ഞാന്‍ കണ്ടത്.അതിമനോഹരമായ ഒരു ചിത്രം.പിറ്റേ ദിവസം തന്നെ ഉറുമി കാണാന്‍ പോയതിനാല്‍ ഈ ചിത്രം എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു.അതിന്‍റെ Feelന്‍റെ അടുത്തെത്താന്‍ പോലും ഉറുമിക്കായില്ല എന്നത് നിരാശപെടുത്തി.രണ്ടു കാലഘട്ടങ്ങളെ ഉറുമിയില്‍ കൂട്ടി ചേര്‍ത്തത് കല്ലുകടിയായി തോന്നി.എല്ലാത്തിനും പുറമേ ഒരു ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്തിരിക്കുന്നു.വളച്ചൊടിക്കുമ്പോള്‍ വടക്കന്‍ വീരഗാഥയെങ്കിലും തിരക്കഥാകൃത്ത്‌ മനസ്സിരുത്തി കാണണമായിരുന്നു.വാസ്കോ ഡ ഗാമയെ അതി ഭീകരനായ വില്ലന്‍ ആയി ചിത്രീകരിച്ചതിന് ന്യായീകരണമില്ല.

അഭിനേതാക്കളെല്ലാം നന്നായി അഭിനയിച്ചിട്ടുണ്ട്.ജഗതിയും ജെനീലിയയും അതിമനോഹരമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.മികച്ച സംഭാഷണങ്ങള്‍ എഴുതാന്‍ ശങ്കര്‍ രാമകൃഷ്ണന് ആയെങ്കിലും തിരക്കഥയില്‍ പിഴച്ചു പോയി.കേരള കഫെയിലെ Island Express എഴുതി സംവിധാനം ചെയ്തത് ഇദേഹമാണെന്ന് ഓര്‍ക്കണം.

ഇതൊക്കെ ആണെങ്കിലും മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദൃശ്യ വിസ്മയം തന്നെയാണ് ഉറുമി.ഒരു പ്രാവശ്യമെങ്കിലും കണ്ടിരിക്കേണ്ട ചിത്രം.സന്തോഷ്‌ ശിവന്‍ എന്ന ക്യാമറമാനിനു പകരം അദ്ദേഹം മാത്രം എന്ന് സാക്ഷിയപെടുത്തുന്ന ചിത്രം.