Tuesday, April 5, 2011

പുത്തന്‍ ദിവസം , പുത്തന്‍ ആവേശം...

ക്രിക്കറ്റിന്‍റെ ആരവങ്ങള്‍ മാധ്യമങ്ങളില്‍ കെട്ടടങ്ങിയിട്ടില്ല. ചാനലുകളും പത്രങ്ങളും ഇന്ത്യയുടെ വിജയ നിമിഷങ്ങളെ ആഘോഷിച്ച്‌ കൊണ്ടേയിരിക്കുന്നു. അവര്‍ ആഘോഷിക്കട്ടെ...ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഉള്ളതല്ലെ...?എല്ലാം മറന്ന്‌ നമുക്കും അതില്‍ പങ്കുചേരാം.

ലോകകപ്പിന്‍റെ അനര്‍ഘ നിമിഷങ്ങളെ മനസ്സിലിട്ട്‌ ഉറങ്ങി പിറ്റേ ദിവസം ഉണര്‍ന്നപ്പോള്‍ കണ്ടത്‌,ബാറ്റും ബോളുമായി പാടത്തിലേക്കു പോകുന്ന കുട്ടികളെയാണ്‌. അന്നത്തെ യാത്രയില്‍ പോകുന്ന വഴിയിലും പൊടി മണ്ണിനോട്‌ മല്ലിട്ട്‌ ക്രിക്കറ്റില്‍ മാത്രം ലയിച്ചിരിക്കുന്ന കുട്ടി ക്രിക്കറ്റ്‌ താരങ്ങളേയും കണ്ടു. ഒരു ലോകകപ്പ്‌ വിജയം ഒരു ജനതയെ ഒന്നടങ്കം ഉത്തേജിപ്പിച്ചിരിക്കുന്നു

മടലു കൊണ്ടുണ്ടാക്കിയ ബാറ്റുമായി കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്കു പകരം ചോദിക്കാനായി വാശിയോടെ പാടത്തേക്ക്‌ പോയ ഒരു കുട്ടിക്കാലം നമുക്കുമുണ്ട്‌. വിയര്‍ത്തു കുളിച്ചാലും കളി നിര്‍ത്തില്ല. ടെസ്റ്റും ഏകദിനവും എല്ലാം അവിടെ നടന്നിരുന്നു. പുതിയ റെക്കോര്‍ഡുകള്‍ അവിടെ പിറവിയെടുത്തു. പക്ഷെ , പിന്നീടെപ്പോഴോ ആ കളിക്കളങ്ങള്‍ ചെറുതായി മാഞ്ഞു തുടങ്ങി. സെവന്‍സ് ഫുട്ബോള്‍ ക്രിക്കറ്റ്‌ സ്ഥലം കൈയേറി. കാലങ്ങള്‍ ഏറെയായി എന്‍റെ കൈകള്‍
ബാറ്റിനെ സ്പര്‍ശിച്ചിട്ട്... അതിനാല്‍ ഈ ഉണര്‍വ് പുതിയ ചരിത്രത്തിന്‍റെ തുടക്കമാവും.

പുതിയ തലമുറ ബാറ്റും ബോളുമായി നടന്നു നീങ്ങുന്നത്‌ ഇന്ത്യ എന്ന ആവേശത്തിലേക്കാകട്ടെ...അല്ലാതെ ഒരു കോടിയുടെ സമ്മാനത്തുകയുടെ മഞ്ഞള്ളിപ്പിലേക്ക് ആകാതിരികട്ടെ...

No comments:

Post a Comment