Monday, April 25, 2011

കത്തിവേഷങ്ങളേ കണ്‍തുറക്കൂ...


ഒരു ജനതയുടെ പരാജയം...പാവം ജനങ്ങളുടെ മേല്‍ ഒരു കൂട്ടം കാപാലികരുടെ വിജയം...അതൊഴിവാക്കാന്‍ നേര്‍ത്ത ഒരു പ്രതീക്ഷയുടെ കണികയുമായിട്ടാണ്‌ മനസാക്ഷി വറ്റാത്ത ഒരു കൂട്ടം ജനങ്ങളുടെ കൂടെ ഞാനും ഈ ഉപവാസത്തില്‍ പങ്കാളിയായത്.. 

കുഞ്ഞുങ്ങള്‍ അറിയുന്നില്ല,മനുഷ്യര്‍ കത്തി വേഷം ആടി തീര്‍ത്ത്‌ മലീമസമാക്കിയ കളിയരങ്ങിലേക്കാണ്‌ തങ്ങള്‍ പിറന്ന്‌ വീഴുന്നതെന്ന്‌...ജന്‍മങ്ങള്‍ പലതു കഴിഞ്ഞാലും മായ്ക്കാന്‍ കഴിയാത്ത വിഷബീജവും നെഞ്ചോടടക്കിയാണ്‌ അവര്‍ ഭൂമിയിലേക്കു മിഴി തുറക്കുന്നത്‌.കൂട്ടുകാരുമൊത്ത്‌ കളിച്ചു നടക്കേണ്ട ഇളം പ്രായത്തില്‍ അവരുടെ ചിരികള്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കപെടുന്നു. 

തലമുറകള്‍ക്കപ്പുറം എന്നോ പെയ്ത വിഷമഴയുടെ കണങ്ങള്‍ ഇന്നും വറ്റാതെ നിലനില്‍ക്കുന്നു.ഇത്രയും ഭീകരമായ അവസ്ഥ കണ്ടില്ലെന്ന്‌ നടിക്കുന്ന കേന്ദ്ര ഗവണ്‍മെണ്റ്റ്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌ ചെയ്യുന്നത്‌.ഈയൊരു വസ്തുത കേട്ടിട്ടു പോലുമില്ലെന്ന്‌ പറഞ്ഞ പ്രധാനമന്ത്രി മറുപടി പോലും അര്‍ഹിക്കുന്നില്ല.പറ്റിയാല്‍ ഒന്നു കേരളത്തിലേക്ക്‌ വരണം,അങ്ങയെ കണ്ണുമടച്ച്‌ ആരാധിക്കുന്ന അണികളുടെ ഹാരങ്ങള്‍ ഏറ്റുവാങ്ങാനല്ല,വേദനയില്‍ പിടയുന്ന കുരുന്നുകളുടെ സങ്കടം കേള്‍ക്കാന്‍.എന്നിട്ടും അങ്ങയുടെ കാഴ്ച്ചക്കു മങ്ങലാണെങ്കില്‍ അങ്ങും ഒരു ജനതക്ക്‌ വെറുക്കപ്പെട്ടവനാകും. 

ഒരു കൂട്ടം തിമിരം ബാധിച്ചവര്‍ ഭരിച്ചു 'നന്നാക്കുന്ന' നമ്മുടെ ഭാരതത്തിണ്റ്റെ ആയുസ്സ്‌ എണ്ണപെടാതിരിക്കാനുള്ള ഒരു കൂട്ടം ജനതയുടെ പ്രധിഷേധം ആണ്‌ ഈ ഉപവാസം.ഇതിലൂടെ സുന്ദര ഭാരതമൊന്നും ഞങ്ങള്‍ സ്വപ്നം കാണുന്നില്ല,പകരം ഇനിയൊരു ജീവിതം പോലും ഈ വിഷമഴയില്‍ അലിയരുത്‌, ഇനിയൊരു കുഞ്ഞു പുഞ്ചിരി പോലും ഇതില്‍ മാഞ്ഞു പോകരുത്‌-അത്‌ മാത്രമാണ്‌ ഒരേയൊരു പ്രാര്‍ഥന...

No comments:

Post a Comment